ഓം
സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം മാണിക്യമൗലീസ്ഫുരത്-
താരാനായകശേഖരാം സ്മിതമുഖീമാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂർണരത്നചഷകം രക്തോത്പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥരക്തചരണാം ധ്യായേത് പരാമംബികാം.

ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം പദ്മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിതസത് ഹേമപദ്മാം വരാംഗീം
സർവ്വാലങ്കാരയുക്താം സതതമഭയതാം ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമൂർത്തിം സകലസുരനുതാം സർവ്വസമ്പത് പ്രദാത്രീം.

സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം
അശേഷജനമോഹിനീമരുണമാല്യഭൂഷാംബരാം
ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം.

അരുണാം കരുണാതരംഗിതാക്ഷീം
ധൃതപാശാങ്കുശപുഷ്പബാണചാപാം
അണിമാദിഭിരാവൃതാം മയൂഖൈ-
രഹമിത്യേവ വിഭാവയേ ഭവാനീം.

1. ഓം ശ്രീമാത്രേ നമഃ

ഐശ്വര്യസമ്പൂർണയായ അമ്മയെ/ദേവിയെ ഈ ദാസൻ പ്രണമിക്കുന്നു.

2. ഓം ശ്രീമഹാരാജ്ഞൈ നമഃ

പ്രപഞ്ചത്തിന്റെ മഹാരാജ്ഞിയായി പരിലസിക്കുന്ന ദേവിയെ ഈ ദാസൻ പ്രണമിക്കുന്നു.

3. ഓം ശ്രീമത്സിംഹാസനേശ്വരൈ നമഃ


ശ്രീപൂർണമായ ഇരിപ്പിടത്തിന്റെ ഈശ്വരിയായ ദേവിയെ ഈ ദാസൻ നമിയ്ക്കുന്നു.അവിടുത്തെ ഉപാസകർ സ്നേഹാദരപൂർവം ക്ഷണിക്കുമ്പോൾ അവരുടെ ആഗ്രഹപ്രകാരം അവിടുന്ന് അവർ നൽകുന്ന ഇരിപ്പിടങ്ങളിൽ ആവസിക്കുന്നു. എത്ര ലളിതമായ സ്ഥാനം പോലും അവിടുത്തെ അനുഗ്രഹം കൊണ്ട് സിംഹാസനതുല്യമാകുന്നു. ആ ഐശ്വര്യം ആ സ്ഥാനത്തെയും ഉപാസകനെയും വിട്ടുപോകുന്നുമില്ല. ഉപാസകന്റെ ഉള്ളിലായി നല്കുന്ന ഇരിപ്പിടം ഉപാസകനെയും ധന്യമാക്കുന്നു; ശ്രീപൂർണമാക്കുന്നു.

4. ഓം ചിദഗ്നികുണ്ഡസംഭൂതായൈ നമഃ

ചിത്തിലെ(ഉപാസകന്റെ ഉള്ളിലെ) അഗ്നികുണ്ഡത്തിൽ നിന്നും സംഭൂതയാകുന്ന ദേവിയെ ഈ ദാസൻ നമസ്കരിക്കുന്നു. കുണ്ഡലിനിയുടെ ഇരിപ്പിടമായ മൂലാധാരം അഗ്നികുണ്ഡമായി സങ്കൽപ്പിച്ചാൽ അവിടെനിന്നും മുകളിലേക്ക് എരിഞ്ഞുകയറുന്ന അഗ്നിയാണ്‌ ദേവി. എന്തെന്നാൽ ശരീര-മനോ-ആത്മാക്കളാകുന്ന  യന്ത്രസംവിധാനം ഈ അഗ്നിയുടെ ചുറ്റും മാത്രമാണ്‌ നിലനിൽക്കുന്നത്.

5. ഓം ദേവകാര്യസമുദ്യതായൈ നമഃ


ദേവം - ശ്രേഷ്ഠം. ശ്രേഷ്ഠമായ ഉദ്യമങ്ങൾ ഉപാസകനായി മുന്നേ തുടങ്ങിവയ്ക്കുന്നവളായ ദേവിയെ ഈ ദാസൻ പ്രണമിക്കുന്നു. യഥാർഥത്തിൽ ഈ കർമം പൂർത്തീകരിച്ചാൽ മാത്രം മതിയല്ലോ എനിയ്ക്ക്.

6. ഓം ഉദ്യദ്ഭാനുസഹസ്രാഭായൈ നമഃ


ഉദിച്ചുയരുന്ന സഹസ്രം ബാലസൂര്യന്മാരുടെ അരുണവർണവും കാന്തിയും ഉള്ളവളായ ദേവിയെ ഈ ദാസൻ പ്രണമിക്കുന്നു.

7. ഓം ചതുർബാഹുസമന്വിതായൈ നമഃ

നാലു തൃക്കരങ്ങളോടു കൂടി സങ്കൽപ്പിക്കപ്പെടുന്ന ദേവിയെ ഈ ദാസൻ പ്രണമിക്കുന്നു.

8. ഓം രാഗസ്വരൂപപാശാഢ്യായൈ നമഃ


രാഗസ്വരൂപമായ പാശം തൃക്കൈകളിൽ ധരിച്ചിരിക്കുന്നവളായ ദേവിയെ ഈ ദാസൻ പ്രണമിക്കുന്നു. സകലചരാചരങ്ങളേയും ഒന്നിച്ചു നിർത്തുന്നത് അങ്ങയുടെ ഈ ആയുധമാണല്ലോ!

9. ഓം ക്രോധാകാരാങ്കുശോജ്ജ്വലായൈ നമഃ


ക്രോധാകാരമായ അങ്കുശം കയ്യിൽ ധരിച്ചിരിക്കുന്നവളായ ദേവിയെ നമിയ്ക്കുന്നു.

ഉപാസകന്റെ ഉള്ളിലെ എല്ലാ വിപരീതഭാവങ്ങളെയും ബാഹ്യമായ ഇടപെടലുകളെയും ഈ ആയുധം കൊണ്ട് ക്ഷണത്തിൽ  അവിടുന്ന് ഇല്ലാതാക്കി കളയുകയും ഉപാസകനെ രക്ഷിച്ച് തനിക്കൊപ്പം ചേർത്തു നിർത്തുകയും ചെയ്യുന്നല്ലോ!
1